2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

കലശമലയിലെ കാശിത്തുമ്പകൾ



ന്നലെ കലശമല പോയിരുന്നു ... തങ്ങൾ ക്ലാരയ്ക്കായി കണ്ടെത്തിയ സ്ഥലം. പാറക്കൂട്ടങ്ങൾക്കിടയിലെ ഒരു ഓലക്കുടിൽ. അതായിരുന്നു തങ്ങൾ അവൾക്ക് വേണ്ടി പണിതിരുന്നത്. ജയകൃഷ്ണന്റെയും ക്ളാരയുടെയും മണമുള്ള ചെങ്കൽ പാറക്കൂട്ടങ്ങൾ... ദൂരെ എവിടെയോ ആമത്തിൽ വേദനകൊണ്ട് പുളയുന്ന ഒരു ഭ്രാന്തനുണ്ടായിരിക്കണം. മുറിവിൽ ചങ്ങല ഉരയുമ്പോൾ അയാൾ ഇപ്പോളും നിലവിളിക്കുന്നുണ്ടാകും...ക്ലാരയ്ക്കും ജയകൃഷ്ണനും മാത്രം കേൾക്കാനാകുന്ന ആ നിലവിളി...

ഇന്നലെ സന്ധ്യയിൽ ഞാനവിടെ ജയകൃഷ്‌ണനെ തിരഞ്ഞു. അരൂപിയാണയാൾ... പാറക്കൂട്ടത്തിലിരുന്ന് ഒന്ന് കണ്ണടച്ചാൽ ഉള്ളിലെ ജയകൃഷ്‌ണൻ സ്വയം രൂപം പ്രാപിക്കുന്നത് അകക്കണ്ണിൽ കാണാം . അവനവന്റെ സ്വന്തം രൂപത്തിലേക്ക് ജയകൃഷ്‌ണൻ ഊർന്നിറങ്ങുമ്പോൾ ഒരിക്കൽപോലും നമ്മുക്ക് അത്ഭുതം തോന്നില്ല. ഞാനും കണ്ടു എന്റെ ജയകൃഷ്ണനെ... എന്നിലെ ജയകൃഷണനെ...

ക്ലാരയെ ഭ്രാന്തമായി തിരഞ്ഞു. കണ്ടില്ല... ഇനി വരില്ലെന്ന വാക്കുപേക്ഷിച്ചല്ലേ അവൾ തീവണ്ടിയുടെ ചൂളം വിളിയിൽ കയറിപ്പോയത്... ആ വാക്കുമാത്രമാണ് അവളുടേതായി ഇനിയൊള്ളൂ ... മലയിറങ്ങുമ്പോൾ എപ്പോഴോ നുള്ളിയെടുത്ത കാശിത്തുമ്പപ്പൂക്കൾ കൈപ്പിടിയിൽ അവശേഷിച്ചിരുന്നു... സന്ധ്യയിൽ അവയ്ക്ക് ക്ലാരയുടെ മുഖമായിരുന്നു. ചിലപ്പോഴൊക്കെ അവളുടെ ഗന്ധവും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ