2021, മേയ് 14, വെള്ളിയാഴ്‌ച

ഇന്നലെ, ഇന്ന്.


      നല്ല മഴയുള്ള ദിവസങ്ങളിൽ ജനലഴികൾക്കിടയിലൂടെ പാറിയെത്തുന്ന തൂവാനങ്ങൾ എന്നും പപ്പേട്ടനെ ഓർമിപ്പിക്കാറുണ്ട്. മഴ ഉള്ളുകുളിർപ്പിക്കുമ്പോഴൊക്കെ മനസ്സ് എങ്ങനെയെങ്കിലും അദ്ദേഹത്തെ തേടിയിറങ്ങും. അദ്ദേഹം കുറിച്ചിട്ട വരികളിലോ ഹൃദയം കൊണ്ട് മാത്രം കാണാനൊക്കുന്ന സിനിമകളിലോ ആ തണുത്തകാറ്റ് എന്നെ കൊണ്ടെത്തിക്കുമെന്ന് തീർച്ചയാണ്.

ഇത്തവണ ആ യാത്ര "ഇന്നലെ"യിലാണ് വീണ്ടും ചെന്നവസാനിച്ചത്.

ഇന്നലെകളിലല്ല ഇന്നിലാണ് പ്രണയത്തിന്റെ സ്ഥാനം എന്ന് ഏറ്റവും നന്നായി അറിയാവുന്ന പപ്പേട്ടൻ എന്തിനാണ് സിനിമയ്ക്ക് "ഇന്നലെ" എന്ന് പേരിട്ടത്? അത് നരേന്ദ്രനുള്ള കഥാകാരന്റെ പ്രായശ്ചിതമായിരിക്കാം എന്ന് എനിക്കിപ്പോൾ തോന്നുന്നു. അയാൾക്ക് ഇനി ഇന്നലെകൾ മാത്രമാണ് ഉള്ളത്. ശരത്തും മായയും നാളെകളെ സ്വപ്നം കാണുമ്പോൾ നരേന്ദ്രന് മാത്രമേ ഇന്നലെകളെ താലോലിക്കാനാകൂ. ഇന്നലെകളിലേക്ക് തിരിച്ചു നടക്കാനാകൂ... 

3 ആം വയസ്സിൽ അച്ഛനും 17 ആം വയസിൽ അമ്മയും മരിച്ചുപോയ നരേന്ദ്രന് ഒരു പക്ഷെ ഗൗരിയുടെ അസാനിധ്യവും മറികടക്കാനാകുമായിരിക്കും. പക്ഷേ അയാൾക്ക് ഇനിയും മുംബൈയിലേക്ക് പറന്നിറങ്ങാനാവുമോ. ലോകത്തിന്റെ ഏത് കോണിലും ചിറകടിച്ചു പറക്കുന്ന പ്രാവുകൾ ഗൗരിയുടെ ഓർമകളുടെ തൂവലുകൾ അയാളിലേക്ക് പറത്തിവിടുമായിരിക്കും.

മായയുടെയല്ല ഗൗരിയുടെ മണവും രുചിയും ഓർമയും മാത്രമേ തന്നിൽ അവശേഷിക്കാവൂ എന്നതുകൊണ്ടാകും നരേന്ദ്രൻ ആ ചായപോലും നിരസിച്ച് മായയിലേക്ക് ഒരിക്കൽക്കൂടി കണ്ണ് പായിക്കാതെ ആ വീട് വീട്ടിറങ്ങിയത്.

നരേന്ദ്രൻ എന്തെങ്കിലും ത്യാഗം ചെയ്തു എന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല.  താൻ സ്നേഹിച്ച ഗൗരിയിലേക്കല്ലേ അയാൾ മടങ്ങിപോയിരിക്കുന്നത്. ഇണയെ അത്രമേൽ സ്നേഹിച്ച ഒരാൾക്ക് അതല്ലേ ചെയ്യാനൊക്കൂ. കാരണം അപകടം അവശേഷിപ്പിച്ചത് മായയെ ആണ്. ഗൗരിയെ അല്ല.

ഞാൻ എപ്പോഴോ എഴുതിയിരുന്നു:

"ഓർമകൾ ചിലപ്പോഴൊക്കെ വല്ലാത്ത അസ്വസ്ഥതയാണ്‌.ചില ഓർമകൾ നമ്മെ ഭ്രാന്തമായി പിന്തുടരും. ഒരു കറുത്ത പൂച്ചയെ പോലെ അതെപ്പോഴും നമ്മോട് തൊട്ടുരുമ്മി നിൽക്കുന്നുണ്ടാകും. ഭയപ്പെടുത്തുന്ന തുറിച്ചുനോട്ടത്തോടെ അതിടയ്ക്ക് മുരളുകയും ഉറക്കെ കരയുകയും ചെയ്യും..."

"ചില ഓർമകൾ മഴയെ പോലെയാണ്‌.ഒരു കുളിർമഴപോലെ അത് നമ്മിൽ പെയ്തിറങ്ങും. പെയ്തിറങ്ങുന്ന ഓർമത്തുള്ളികളിൽ നനഞ്ഞ്‌, അതിന്റെ കുളിർമ്മയിൽ ഉറക്കമുണർന്ന രോമകൂപങ്ങളെ തഴുകിയുറക്കി, മൂക്കിൻ തുമ്പിലൂടെ ഇറ്റിവീഴുന്ന മധുരസ്മരണകളെ തൊട്ടുവിളിച്ച് ഞാൻ നിന്നെ മറന്നിട്ടില്ലെന്ന് ഓർമപ്പെടുത്തണം.


മായയ്ക്ക് ഓർമകളുടെ ഭാരം പേറാതെ അപ്പുവിന്റെ മാത്രം ഓർമകൾക്ക് ഇടം നൽകാം. നരേന്ദ്രന് ഗൗരിയുടേതിനും. അയാൾക്ക് അതിന് കഴിയും. 


ദൂരേക്ക് പായുന്ന നരേന്ദ്രന്റെ കാറിന്റെ ചക്രങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തിൽ വീഴ്ത്തിയ പാട് സിനിമയുടെ ടൈറ്റിലിലും ഉള്ളത് ഇന്നാണ് ശ്രദ്ധിച്ചത്.


സിനിമയുടെ അവസാന നിമിഷവും കടന്നു പോകുമ്പോൾ അമേരിക്കയിലെ ആ രാത്രിയിൽ ലോലാ മില്‍ഫോര്‍ഡിനോട് പദ്മരാജൻ പറഞ്ഞത് തന്നെയാണ് നരേന്ദ്രന്റെ വിങ്ങലിനൊപ്പം തെളിഞ്ഞുവന്നത്.

"വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല. ഞാൻ മരിച്ചതായി നീയും, നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക." 


തിരിഞ്ഞു നോക്കാതെയുള്ള  മടക്കയാത്രയിൽ നരേന്ദ്രൻ മായയോട് പറഞ്ഞതും ഈ വാക്കുകൾ തന്നെയായിരിക്കും.


പ്രിയ കഥാകാരാ.....

❤️❤️❤️❤️❤️❤️❤️