Thursday, 14 June 2018

ഇനി കാലമെത്ര?


ഈ ശിഖിരങ്ങളിൽ പൂത്ത
പൂവെത്ര, കായെത്ര,
തളിരിലകളെത്ര.
ചിറകുരുമിയ കിളികളെത്ര.
കിളികൂടെത്ര.
കൂട്ടിലെ കിളികൊഞ്ചലെത്ര.
കാറ്റുദിക്കോർത്ത്‌ പാഞ്ഞ
പറവയെത്ര.
കിളിയെത്താ കൂടെത്ര.

കുഞ്ഞുവേരിറക്കി
പ്രണയം കൊഞ്ചിയ
കാട്ടുവള്ളിയെത്ര.
കുത്തിനോവിക്കാത്ത കട്ടുറുമ്പെത്ര.
ഉടൽ തുരന്നുറങ്ങിയ  
മരംകൊത്തികളെത്ര.
വേരിൽ കിളിർത്ത കുടക്കൂണെത്ര.
ചിതൽ പുറ്റെത്ര.

കനി കട്ടോടിയ അണ്ണാനെത്ര
ബലിച്ചോറുണ്ട കാക്കയെത്ര.
തണലിൽ പടുത്ത
ഉണ്ണിപുരകളെത്ര.
കൊമ്പിലൂഞ്ഞാലിലാടിയ
ഉണ്ണികളെത്ര.
ഞാൻ കൊണ്ട മഴയെത്ര,
വെയിലെത്ര, മഞ്ഞെത്ര.
കല്ലേറെത്ര.

കിളിയെത്താക്കാലത്ത്
മഴയില്ലാക്കാലത്ത്
ഉണ്ണികളെത്താ കെട്ടകാലത്ത്.
ഈ മരക്കൊമ്പുമാത്രം
എന്തിനെത്രേ?
ഈ മരതണലും
എന്തിനെത്രേ?

-മിഥുൻ അയ്യപ്പൻ-

Saturday, 29 April 2017

ഒരു കുന്ന് , ഒരു ഗുഹ...

ചിലപ്പോൾ തോന്നും, 
മേഘങ്ങളെ തൊടുന്ന കുന്നിൻ മുകളിൽ കയറി 
ഉറക്കെ കൂവി വിളിക്കാൻ . 
അപ്പോൾ എന്റെ കൂവലുകൾ 
ആരും കേൾക്കാതെ, 
എന്നെ തന്നെ തേടി തിരിച്ചു വരും. 
അനുസരണയുള്ള നായക്കുട്ടിയെ പോലെ. 
ചിലപ്പോൾ തോന്നും, 
ആരുമെത്താത്ത ഒരു ഗുഹയ്ക്കുള്ളിൽ കയറി
 ഒറ്റയ്ക്കിരിക്കാൻ.
 അതിനകത്ത് പാതി വെട്ടമുണ്ടാകണം.
ആ ഗുഹയ്ക്കുള്ളിൽ 
എനിക്കെന്തൊക്കെയോ
 ഇനിയും കോറിയിടാനുണ്ടെന്ന്
 ആരോ പറയും പോലെ.


Thursday, 19 January 2017

പ്രണയമഴക്കാടുകൾ.

മ്മൾ നടന്നകലുന്നതോടെ ഈ വഴിയും അനാഥമാകും. നീയും ഞാനും പ്രണയതാളം ചവിട്ടിയ കൽപ്പടികളിൽ പച്ചപ്പ് പടരും. ഒടുവിൽ ഈ വഴിയും പച്ച ഞരമ്പുകൾ കീഴടക്കും. നമ്മെ പോലെ നടക്കാൻ കൊതിക്കുന്ന, പുതിയ മഴക്കാടുകൾ തേടിയിറങ്ങുന്ന മറ്റൊരു പ്രണയിതാക്കൾ വരുംവരെ നമ്മൾ മാത്രം നടന്ന ഈ വഴിയെ, നമുക്കൊരു മരപ്പൊത്തിലൊളിപ്പിച്ചു വയ്ക്കാം. ഒടുവിൽ ഈ ലോകത്ത് പ്രേമമില്ലാതാകുകയും മഴക്കാടുകൾ മരുഭൂമിയാകുകയും ചെയ്യുന്ന കെട്ട കാലത്ത് ഈ വഴിയും ഒരു മണൽക്കാറ്റിലില്ലാതാവട്ടെ .

Monday, 1 August 2016

നഗരം ഉണ്ടാകുന്നത്.
കായൽ പരപ്പിൽ പ്ലാസ്റ്റിക് കൂടുകൾ  പൊങ്ങിക്കിടക്കുന്നുണ്ട്. ഗതിയറിയാതെ ഓളങ്ങളിൽ ഉയർന്നുപൊങ്ങി ഗർഭം ധരിച്ച പ്ലാസ്റ്റിക് കൂടുകൾ. വിഷബീജം പേറിയാണ്‌ അതിന്റെ യാത്ര. ഏതെങ്കിലും തുരുത്തുകളിൽ അവർ ഒഴുകിയടിയും. അവിടെ വച്ച് വളർച്ചയെത്തിയ വിഷബീജങ്ങൾ വയറൊഴിയും. അങ്ങനെ മനുഷ്യക്കുഞ്ഞുങ്ങളുണ്ടാകും. നഗരമനുഷ്യർ പിറക്കുന്നത് അങ്ങനെയാണ്‌. ജനിച്ചതു മുതൽ അവർ സ്വയംഭോഗം ചെയ്ത് പ്ലാസ്റ്റിക് ഗർഭപാത്രങ്ങളെ കായലിലെറിയും. ഓളങ്ങളിൽ രമിച്ച് വിഷബീജങ്ങളും പേറി വീണ്ടും അലയും. ആയിരം നഗരമനുഷ്യർ വീണ്ടുമുണ്ടാകും. നിമിഷാർദ്ധം കൊണ്ട് അവ പതിനായിരം മടങ്ങായി ആവർത്തിക്കും. നഗരം ഉണ്ടാകുന്നത് അങ്ങനെയാണ്‌. എല്ലാ നഗരത്തിനുമുണ്ടാകും ഇതു പോലെ ചുളിവുവീണ ഒരു വയറ്റാട്ടി പുഴ.


Thursday, 23 June 2016

ഓർമ


ഞാനിപ്പോൾ ഓർമകളെ കുറിച്ചാണ്‌ ചിന്തിക്കുന്നത്.
ഓർമകൾ ചിലപ്പോഴൊക്കെ വല്ലാത്ത അസ്വസ്ഥതയാണ്‌.
ചില ഓർമകൾ നമ്മെ ഭ്രാന്തമായി പിന്തുടരും. ഒരു കറുത്ത പൂച്ചയെ പോലെ അതെപ്പോഴും നമ്മുടെ കൂടെ തൊട്ടുരുമ്മി നിൽക്കുന്നുണ്ടാകും. ഭയപ്പെടുത്തുന്ന തുറിച്ചുനോട്ടത്തോടെ അതിടയ്ക്ക് മുരളുകയും ഉറക്കെ കരയുകയും ചെയ്യും...

ചില ഓർമകൾ മഴയെ പോലെയാണ്‌.
ഒരു കുളിർമഴപോലെ അത് നമ്മിൽ പെയ്തിറങ്ങും.
എല്ലാ ദിവസവും ഒരേ സമയം അടയ്ക്കാനും തുറക്കാനും ശീലിച്ച 
ഈ വാതിൽ തുറന്ന് പുറത്തിറങ്ങി,
പെയ്തിറങ്ങുന്ന ഓർമത്തുള്ളികളിൽ നനഞ്ഞ്‌,
അതിന്റെ കുളിർമ്മയിൽ ഉറക്കമുണർന്ന രോമകൂപങ്ങളെ തഴുകിയുറക്കി,
മൂക്കിൻ തുമ്പിലൂടെ ഇറ്റിവീഴുന്ന മധുരസ്മരണകളെ തൊട്ടു വിളിച്ച് 
ഞാൻ നിന്നെ മറന്നിട്ടില്ലെന്ന് ഓർമപ്പെടുത്തണം.

ഇങ്ങനെ നനഞ്ഞ് കുതിർന്ന് നിൽക്കാൻ എന്തു രസമാണല്ലേ...

Friday, 3 June 2016

ആദ്യരാത്രി


ന്നവളുടെ വിവാഹം.
ഗംഭീരമായിക്കഴിഞ്ഞു.
പെണ്ണായ് പിറന്നപ്പോൾ
കൂടെപ്പിറന്ന ചങ്ങല, 
ഇന്ന് തകർന്നിരിക്കുന്നു.
ഈ തകർച്ചയിൽ,
ഈ മോചനത്തിൽ,
ഇന്നവൾ ചിരിച്ചു.

വരൻ തിരക്കിലാണ്‌.
പങ്കുവയ്ക്കലിന്റെ തിരക്കിൽ.
സ്ത്രീധനത്തിന്റെ പങ്കുവയ്ക്കലിൽ.
പാതി രൂപ പുതിയ കമ്പനിക്ക്.
പാതിയുടെ പാതി
വിവാഹ ചെലവു തീർക്കാൻ.
ബാക്കി പാതി വരന്റെ പേരിൽ
ഫിക്സഡ് അക്കൗണ്ടിൽ.
സ്വർണം പാതി ലോക്കറിലിടാം.
വരൻ മാനേജ്മെന്റ് ബിരുദധാരി.
സമർത്ഥൻ.
എതിർക്കാതെ, തടയാതെ,
അവൾ ചിരിച്ചു.
സന്തോഷിച്ചു.

പെണ്ണായ് പിറന്നപ്പോൾ
അച്ചൻ വിലക്കിയ ഉത്സവപറമ്പുകൾ.
അമ്മ വിലക്കിയ വിനോദയാത്രകൾ.
എല്ലാം ഇനി തിരികെ.
അവൾ ചിരിച്ചു.
സന്തോഷിച്ചു.

ഇപ്പോൾ രാത്രിയാണ്‌.
ആദ്യരാത്രി.
നാണത്തോടെ, ആശയോടെ
ഒരായിരം സ്വപ്നങ്ങളെ
ഒരു ഗ്ലാസ് പാലിലാക്കി
മണിയറ വാതിൽ
തുറന്നവൾ കടന്നു ചെന്നു.

മുല്ലപ്പൂക്കൾ ചിരിക്കുന്ന കിടക്ക.
പാതി ചിരിയോടെ വരൻ.
‘തിരക്കെല്ലാം തീർന്നോ’? 
അവൾ ചോദിച്ചു.
‘ഇല്ല തീരുന്നേ ഉള്ളൂ’.
അവന്റെ മറുപടി.
കട്ടിലിലൊളിപ്പിച്ച കോടാലി 
അവൻ തപ്പിയെടുത്തു.
അവളെ പങ്കുവയ്ക്കാൻ തുടങ്ങി.
തല മുറിച്ചു!
കൈ മുറിച്ചു!
കാൽ മുറിച്ചു!
ഉടൽ മൂന്നായി മുറിച്ചു!
‘മുലയും അരക്കെട്ടും
എനിക്കു വേണം.
വയറെന്റെ മക്കൾക്ക്
ഗർഭത്തിലിരിക്കാൻ.
വിവാഹ വാർഷികത്തിൽ
പത്രത്തിൽ കൊടുക്കാൻ
തല ഫോട്ടോഗ്രാഫർക്ക്.
തനിക്ക് വച്ചൂട്ടാൻ
കയ്യും കാലുമെടുത്ത്
അടുക്കളയിലിട്ടു.

പങ്കുവയ്ക്കലിൽ ബാക്കിയായ
മാംസക്കട്ടയെടുത്തവൻ
തിരിച്ചും മറിച്ചും നോക്കി.
അവളുടെ ഹൃദയം!
മുൻപ് കണാത്ത കൗതുകവസ്തു.
ഇത് പിള്ളേർക്ക് 
കളിക്കാൻ കൊടുക്കാം.
ഇനി തനിക്കു കിട്ടിയ പങ്കിൽ
ആദ്യരാത്രി അടിച്ചുപൊളിക്കാം.

10-11-2010