2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

ഒരു ക്രിസ്മസ് ഓർമ...

                                  കുന്നംകുളത്തു നിന്ന് വീട്ടിലേക്ക് ഒരു 9മണി ബസ് യാത്ര.  പകൽവെയിൽ ആറി തണുപ്പിച്ച് ഡിസംബറിന്റെ കുളിരൻ കാറ്റ്. വഴിയോരകടകളെല്ലാം ക്രിസ്തുമസിന്റെ വരവറിയിച്ച് നിറഞ്ഞു കത്തുന്നു. ഫേയ്സ്ബുക്കിൽ ഇതുവരെ ക്രിസ്തുമസ് ആയിട്ടില്ല. അവിടെ ഫ്രീതിങ്കേഴ്സും റൈറ്റ്തിങ്കേഴ്സും മതപരിവർത്തന വിഷയത്തിൽ "ഭയങ്കര"മായ ചർച്ചയിലാണ്. ബസിന്റെ ഇരമ്പിപ്പാച്ചിലിനിടെ വലിയ ശബ്ദത്തിൽ നിരവധി കരോള് സംഘങ്ങള് വീടുകള് കയറി ഇറങ്ങുന്നത് കണ്ടു. ഒരു ഫ്ളാഷ് ബാക്കിന് കാൻവാസൊരുക്കിയ മനോഹര കാഴ്ച്ച. ചെറുപ്പം തൊട്ടേ ഉത്സവാഘോഷങ്ങളോട് വലിയ താത്പര്യമാണെങ്കിലും വീട്ടിലെക്കാര്യം നേരെ തിരിച്ചും. കൊമ്പും ചില്ലയും വെട്ടി പുൽക്കുടുണ്ടാക്കിയതും പ്രതിമകൾ‌ ഇല്ലാത്തതിനാൽ പഴയ ഗ്രീറ്റിങ് കാർഡിലെ ഉണ്ണിയേശുവിനേയും മറ്റും വെട്ടി ഉണ്ടാക്കിയതും പഴയ ക്രിക്കറ്റ് ക്ലബ്ബിന്റെ കരൊള് ഗ്രൂപ്പുണ്ടാക്കാൻ സാന്റക്കുള്ള നീളൻ ഡ്രസിനായി അമ്മയുടെ ചുവപ്പ് നൈറ്റി അടിച്ചുമാറ്റിയതുമെല്ലാം എണ്ണഛായ ചിത്രം പോലെ മനസിൽ ഓർത്തു. ബസ് പായുകയാണ്,കരോള് സംഘളും...തകരട്ടിന്നും ചെണ്ടയും കടന്ന് നെഞ്ചു പൊട്ടുന്ന നാസിക്ഡോളുകളാണിപ്പോൾ. പക്ഷെ പാട്ടുമാത്രം ആരും പാടുന്നില്ല.  ഓർമകളിലിപ്പോഴും "യഹൂദിയായിലേ ഒരു ഗ്രാമത്തിൽ"...

കടൽ...


തീരത്തെ പുൽകാൻ കൊതിക്കുന്ന തിരകളുണ്ട് ഇന്നും മനസ്സിൽ.
ഉടലാകെ നനച്ച് പുണർന്നിട്ടും കൊതിതീരാതെ ഇരച്ചു വരുന്ന തിരകൾ.
ഉപ്പിൻ ചുവയുള്ള, ഒടുക്കമില്ലാത്ത തിരകൾ‌...



കളിപ്പാട്ടം...



ഒരവധിക്കാലത്തിനപ്പുറം ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങൾ‌ക്ക് പറയാനുണ്ട് അനാഥത്വത്തിന്റെ ഒരുപാട് കഥകൾ‌.
 ചാറ്റൽ മഴയിൽ കോരിത്തരിച്ച ആദ്യ ലോങ്ങ്ബെല്ലിന് മുൻപേ അവർ അനാഥരാകുന്നു.
 ഉണ്ണിപ്പുരകളിൽ കണ്ണെഴുതിച്ചും പൊട്ടു കുത്തിയും മണ്ണപ്പമൂട്ടിയ അമ്മയിനിയില്ല.
 പകലന്തിയോളം ഉജാലക്കുപ്പി വണ്ടി തള്ളിയോടിച്ച് ക്ഷീണിച്ചെത്തുന്ന അച്ഛനുമില്ല ഇനി.
 ഇടി വെട്ടി പെയ്ത മഴയിൽ, ഉടൽ നനഞ്ഞ് നിറം മങ്ങി വള്ളിപ്പടർപ്പുകൾ‌ക്കിടയിൽ വേരിറങ്ങുമ്പോഴും ആ പാവ കുഞ്ഞുങ്ങൾ‌ ചിരിക്കുന്നുണ്ടാവും.
 എന്നത്തേയും പോലെ...



2015, മാർച്ച് 19, വ്യാഴാഴ്‌ച

ലോകത്തുനിന്ന്‌ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായാല്‍...

                           
                   


                              പുന്നയൂര്‍ ജി.എല്‍.പി സ്കൂള്‍. അന്നു ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്നു. തലേനാള്‍ ഞാനൊരു സാധനം ഉണ്ടാക്കി. അമ്മയില്ലാത സമയം നോക്കി ഞാന്‍ അടുക്കളയില്‍ ചെന്നു. അവിടെ കരിപിടിച്ച അടുപ്പിനടുത്തായി അതാ ഒരു പായ്കപ്പല്‍ നിറയെ തീപ്പെട്ടിക്കൊള്ളികളുമായി സവിസ്തരം കിടന്നുറങ്ങുന്നു. പഴയ കാലത്തെ 'ഷിപ്പ്'തീപ്പെട്ടി.(മോഷണം നിര്ത്തിയതുകൊണ്ട് ഇപ്പോഴും 'ഷിപ്പ്'തീപ്പെട്ടി നിലവിലുണ്ടൊ എന്നറിയില്ല ) ഉള്ളിലെ തീപ്പെട്ടിക്കൊള്ളികളെല്ലാം എടുത്തുമാറ്റി കൂട് ഞാന്‍ അടിച്ചു മാറ്റി. നേരത്തേ അടിച്ചുമാറ്റിയ ജൂഡോ തീപ്പെട്ടിയും തയ്യല്‍ മെഷീന്റെ താഴത്തെ ഷെല്‍ഫില്‍ നിന്ന് എടുത്ത വെളുത്ത നൂലുംകൊണ്ട് വിറകുപുരയിലിരുന്ന് ഞാനൊരു സാധനം ഉണ്ടാക്കി. ഒരു ഫോണ്‍. കിടിലനൊരു തീപ്പെട്ടി ഫോണ്‍!
                                 
                                  ആ തീപ്പെട്ടി ഫോണും കൊണ്ടാണ്‌ പിറ്റേ ദിവസം ഞാന്‍ സ്കൂളിലെത്തിയത്. ഈ പുതിയ സാധനം എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നു. ആദ്യ പരീക്ഷണം അന്നത്തെ ആത്മസഖി ചിക്കുവിനുള്ളലാണ്‌. നീല പെയിന്‍റ്റ്‌ അടിച്ച  ജനലിലിരുന്ന്  ചിക്കു ജൂഡോ തീപ്പെട്ടി ചെവിയോട് ചേര്‍ത്തു. ഞങ്ങള്‍ പരസ്പരം സംസാരിച്ചു. തീക്ഷ്ണ സല്ലാപത്തിനിടയില്‍ നൂലുകള്‍ വലിഞ്ഞു മുറുകി. ആറ്റം ബോംബിന്റെ ഉഗ്ര ശബ്ദത്തോടെ നൂലുപ്പൊട്ടി ജൂഡോയും ഷിപ്പും വേര്‍പിരിഞ്ഞു. ആ ബൊംബിട്ടതു ഷിമിലാണ്. അന്നത്തെ എന്റെ പ്രധാന ശത്രു. അന്നു ഞാനവനെ സ്കൂളിനു ചുറ്റും ഓടിച്ചു. മൂത്രപുരക്കടുത്തുള്ള നെല്ലിമരത്തിലിട്ടു ഞാനവനെ ശരിക്കും പെരുമാറി. സ്വാഭാവികം. അവന്റെ ചുണ്ട് പൊട്ടി ചോര വന്നു. ഓഫീസ് റൂമില്‍ വച്ച് എന്റെ തുടയും പൊട്ടി.
             
                                     അന്ന് എനിക്കുണ്ടായ ദേഷ്യത്തിന്റേയും അമര്‍ഷത്തിന്റേയും പതിനായിരത്തിലധികം ഇരട്ടിയാകും മൊബൈല്‍ ഫോണ്‍ ലോകത്തു നിന്നു അപ്രത്യക്ഷമായാല്‍ ഇന്നു സംഭവിക്കാന്‍ പോകുന്നത്. അതിനു ശേഷം പ്രളയം, തീമഴ , ലോകാവസാനം. മൊബൈല്‍ ഫോണ്‍ ഇല്ലാതായതോടെ മനസകന്ന ലക്ഷക്കണക്കിന്‌ കാമുകീ കാമുകന്മാര്‍ വിഷാദരോഗത്തിനടിമപ്പെടും. ഭ്രാന്തരായ ചിലര്‍ മൊബൈല്‍ ഫോണ്‍ ടവറുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കും.സമനില തെറ്റിയവര്‍ തെരുവിലിറങ്ങി അലയും.അലഞ്ഞു തിരിഞ്ഞ ചിലര്‍ അകന്നു പോയ കാമുകിയെ തെരുവില്‍ വച്ചു കണ്ടെത്തും . കാമുകിയെ തിരിച്ചു കിട്ടിയ സന്തോഷം തത്‌സമയം ഫേയ്‌സ് ബുക്കിലിടാന്‍ കഴിയാതെ വീണ്ടും അവര്‍ അക്രമാസക്തരാകും. മുറിയിലിരുന്ന്‌ വിപ്ലവം സൃഷ്ട്ടിച്ചിരുന്ന ഫേയ്സ്‌ ബുക്കിലെ 'ഫ്രീ തിങ്കേര്സ്'ഉം റൈറ്റ്‌ തിങ്കേഴ്സ്'ഉം രോഷാകുലരാകും. സര്‍ക്കാര്‍ വേണ്ട നടപടികളെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ അവര്‍ നിയമസഭയും സെക്രട്ടേറിയേറ്റും ആക്രമിക്കും. വി.ശിവദാസന്‍ സേവയാല്‍ അവര്‍ സ്പീക്കറുടെ ഡയസില്‍ കയറും,ആക്രമിക്കും,തകര്‍ക്കും,കടിക്കും. ഇതുകണ്ട്‌ രാഷ്ട്രപതി ഭരണഘടനയിലെ മഹക്തായ ആര്‍ട്ടിക്കിള്‍ 352 അനുശ്ചേദം 1 ഉപയോഗിച്ച്‌  അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അക്രമികളും വിഷാദരോഗികളും നിഷ്ക്രിയരുമായ ചെറുപ്പക്കാര്‍ മൂലം ചൈനയെ മറികടക്കാനുള്ള ഓട്ടപന്തയത്തില്‍ അവസാന ലാപ്പും ഓടിയെത്തിയ ഇന്ത്യ സെമി ഫൈനലില്‍ പുറത്താകും. മൊബൈല്‍ ഫോണും നവമാധ്യമങ്ങളും വഴിയുള്ള പ്രചരണത്താല്‍ അധികാരത്തിലേറിയ നരേന്ദ്ര ദാമോദര്‍ദാസ് മോദി രാജി വയ്ക്കണമെന്നവശ്യപ്പെട്ട്‌ ബഹുകക്ഷി പ്രതിപക്ഷം വിമോചന സമരത്തിനിറങ്ങും. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും രാജി വയ്ക്കും. വിനോദയാത്രക്ക് 'മുങ്ങിയ' രാഹുല്‍ ഗാന്ധി വനാന്തരങ്ങളില്‍ ഒറ്റപ്പെടും. റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ സര്‍വശക്തന്‍ മാണിസാര്‍ പൂര്‍വാധികം ശക്തനായി തിരിച്ചു വരും.14ഉം 15ഉം 16ഉം ബജറ്റുകള്‍ തയ്യാറാക്കും. ഹെലികോപ്റ്ററിലിറങ്ങിവന്ന്‌ ബജറ്റവതരിപ്പിക്കും, പാസാക്കും, ലഡു വിതരണം ചെയ്യും.
                   
                                       മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായാല്‍ സന്തോഷിക്കുന്ന മറ്റൊരുകൂട്ടരുണ്ട്‌. ഐസിസ്‌ തീവ്രവാദികള്‍! മോബൈല്‍ ഫോണ്‍ അപ്രത്യക്ഷമാക്കി വിശുദ്ധയുദ്ധത്തിന്‌ ദൈവം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണെന്ന്‌ അവര്‍ അഭിപ്രായപ്പെടും. ഇതോടെ സ്ത്രീകള്‍ സുരക്ഷിതരായെന്നു പറഞ്ഞ്‌ ബോക്കോ ഹറാമുകാര്‍ യൂട്യൂബില്‍ പുതിയ വീഡിയോ ഇറക്കും. അങ്ങനെ ലോകം മുഴുവന്‍ കലഹം, അക്രമം, അരക്ഷിതാവസ്ഥ...അവസാനം സഹികെട്ട്‌ ദൈവം പ്രത്യക്ഷപ്പെടും. യഥാര്‍ത്ഥ ദൈവത്തിന്റെ രൂപം കണ്ട്‌ ഇന്നത്തെ മതാദ്ധ്യക്ഷന്‍മാരും മതഭ്രാന്തരും അന്തം വിടും.കോടിക്കണക്കിന്‌ വരുന്ന സ്വന്തം കൈകള്‍കൊണ്ട് ദൈവം എല്ലാ മനുഷ്യരുടേയും നെറുകെയില്‍ തൊടും. അതോടെ മനുഷ്യരെല്ലാവരും പതീറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക്‌ ഗതിമാറി സഞ്ചരിക്കും. പിന്നെ വീണ്ടും എല്ലാത്തിന്റേയും പുനരാവര്‍ത്തനം.
                   
                                     ലോക മഹായുദ്ധം പാര്‍ട്ട്‌-1,പാര്‍ട്ട്-2, ഹിരോഷിമ, നാഗസാക്കി, സദ്ദാം ഹുസൈന്‍, വേള്‍ഡ്‌ ട്രേഡ് സെന്റര്‍, കാറല്‍ മാര്‍ക്‌സ്‌, ലെനിന്‍, ഹിറ്റ്‌ലര്‍,മുസോളിനി, ഗാന്ധി, ഗോഡ്‌സെ, ഇ.എം.എസ്‌, എ.കെ.ജി, വീരപ്പന്‍, വേലുപ്പിള്ള പ്രഭാകരന്‍, രാമക്ഷേത്രം,ഗുജറാത്ത്‌ കലാപം-ഭൂകംബം, സുനാമി,ബഹിരാകാശ യാത്ര, ചന്ദ്രയാന്‍, മംഗള്‍യാന്‍... ഇതിനിടയ്ക്ക്‌ വീണ്ടും മൊബൈല്‍ കണ്ടുപിടിക്കും. വീണ്ടും അപ്രത്യക്ഷമാകും. അങ്ങനെ എല്ലാത്തിന്റേയും പുനരാവര്‍ത്തനം...

( NB: മലയാള മനോരമ ജേര്‍ണലിസ്റ്റ്‌ ട്രൈനികളെ ആവശ്യപ്പെട്ട്‌ നല്കിയ പത്രപരസ്യത്തിന്‌ അനുസൃമായി എഴുതി അയച്ച കുറിപ്പ്‌. വിഷയം: ലോകത്തുനിന്ന്‌ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായാല്‍...)