2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

നഗരം ഉണ്ടാകുന്നത്.




കായൽ പരപ്പിൽ പ്ലാസ്റ്റിക് കൂടുകൾ  പൊങ്ങിക്കിടക്കുന്നുണ്ട്. ഗതിയറിയാതെ ഓളങ്ങളിൽ ഉയർന്നുപൊങ്ങി ഗർഭം ധരിച്ച പ്ലാസ്റ്റിക് കൂടുകൾ. വിഷബീജം പേറിയാണ്‌ അതിന്റെ യാത്ര. ഏതെങ്കിലും തുരുത്തുകളിൽ അവർ ഒഴുകിയടിയും. അവിടെ വച്ച് വളർച്ചയെത്തിയ വിഷബീജങ്ങൾ വയറൊഴിയും. അങ്ങനെ മനുഷ്യക്കുഞ്ഞുങ്ങളുണ്ടാകും. നഗരമനുഷ്യർ പിറക്കുന്നത് അങ്ങനെയാണ്‌. ജനിച്ചതു മുതൽ അവർ സ്വയംഭോഗം ചെയ്ത് പ്ലാസ്റ്റിക് ഗർഭപാത്രങ്ങളെ കായലിലെറിയും. ഓളങ്ങളിൽ രമിച്ച് വിഷബീജങ്ങളും പേറി വീണ്ടും അലയും. ആയിരം നഗരമനുഷ്യർ വീണ്ടുമുണ്ടാകും. നിമിഷാർദ്ധം കൊണ്ട് അവ പതിനായിരം മടങ്ങായി ആവർത്തിക്കും. നഗരം ഉണ്ടാകുന്നത് അങ്ങനെയാണ്‌. എല്ലാ നഗരത്തിനുമുണ്ടാകും ഇതു പോലെ ചുളിവുവീണ ഒരു വയറ്റാട്ടി പുഴ.


2016, ജൂൺ 23, വ്യാഴാഴ്‌ച

ഓർമ


ഞാനിപ്പോൾ ഓർമകളെ കുറിച്ചാണ്‌ ചിന്തിക്കുന്നത്.
ഓർമകൾ ചിലപ്പോഴൊക്കെ വല്ലാത്ത അസ്വസ്ഥതയാണ്‌.
ചില ഓർമകൾ നമ്മെ ഭ്രാന്തമായി പിന്തുടരും. ഒരു കറുത്ത പൂച്ചയെ പോലെ അതെപ്പോഴും നമ്മുടെ കൂടെ തൊട്ടുരുമ്മി നിൽക്കുന്നുണ്ടാകും. ഭയപ്പെടുത്തുന്ന തുറിച്ചുനോട്ടത്തോടെ അതിടയ്ക്ക് മുരളുകയും ഉറക്കെ കരയുകയും ചെയ്യും...

ചില ഓർമകൾ മഴയെ പോലെയാണ്‌.
ഒരു കുളിർമഴപോലെ അത് നമ്മിൽ പെയ്തിറങ്ങും.
എല്ലാ ദിവസവും ഒരേ സമയം അടയ്ക്കാനും തുറക്കാനും ശീലിച്ച 
ഈ വാതിൽ തുറന്ന് പുറത്തിറങ്ങി,
പെയ്തിറങ്ങുന്ന ഓർമത്തുള്ളികളിൽ നനഞ്ഞ്‌,
അതിന്റെ കുളിർമ്മയിൽ ഉറക്കമുണർന്ന രോമകൂപങ്ങളെ തഴുകിയുറക്കി,
മൂക്കിൻ തുമ്പിലൂടെ ഇറ്റിവീഴുന്ന മധുരസ്മരണകളെ തൊട്ടു വിളിച്ച് 
ഞാൻ നിന്നെ മറന്നിട്ടില്ലെന്ന് ഓർമപ്പെടുത്തണം.

ഇങ്ങനെ നനഞ്ഞ് കുതിർന്ന് നിൽക്കാൻ എന്തു രസമാണല്ലേ...

2016, ജൂൺ 3, വെള്ളിയാഴ്‌ച

ആദ്യരാത്രി


ന്നവളുടെ വിവാഹം.
ഗംഭീരമായിക്കഴിഞ്ഞു.
പെണ്ണായ് പിറന്നപ്പോൾ
കൂടെപ്പിറന്ന ചങ്ങല, 
ഇന്ന് തകർന്നിരിക്കുന്നു.
ഈ തകർച്ചയിൽ,
ഈ മോചനത്തിൽ,
ഇന്നവൾ ചിരിച്ചു.

വരൻ തിരക്കിലാണ്‌.
പങ്കുവയ്ക്കലിന്റെ തിരക്കിൽ.
സ്ത്രീധനത്തിന്റെ പങ്കുവയ്ക്കലിൽ.
പാതി രൂപ പുതിയ കമ്പനിക്ക്.
പാതിയുടെ പാതി
വിവാഹ ചെലവു തീർക്കാൻ.
ബാക്കി പാതി വരന്റെ പേരിൽ
ഫിക്സഡ് അക്കൗണ്ടിൽ.
സ്വർണം പാതി ലോക്കറിലിടാം.
വരൻ മാനേജ്മെന്റ് ബിരുദധാരി.
സമർത്ഥൻ.
എതിർക്കാതെ, തടയാതെ,
അവൾ ചിരിച്ചു.
സന്തോഷിച്ചു.

പെണ്ണായ് പിറന്നപ്പോൾ
അച്ചൻ വിലക്കിയ ഉത്സവപറമ്പുകൾ.
അമ്മ വിലക്കിയ വിനോദയാത്രകൾ.
എല്ലാം ഇനി തിരികെ.
അവൾ ചിരിച്ചു.
സന്തോഷിച്ചു.

ഇപ്പോൾ രാത്രിയാണ്‌.
ആദ്യരാത്രി.
നാണത്തോടെ, ആശയോടെ
ഒരായിരം സ്വപ്നങ്ങളെ
ഒരു ഗ്ലാസ് പാലിലാക്കി
മണിയറ വാതിൽ
തുറന്നവൾ കടന്നു ചെന്നു.

മുല്ലപ്പൂക്കൾ ചിരിക്കുന്ന കിടക്ക.
പാതി ചിരിയോടെ വരൻ.
‘തിരക്കെല്ലാം തീർന്നോ’? 
അവൾ ചോദിച്ചു.
‘ഇല്ല തീരുന്നേ ഉള്ളൂ’.
അവന്റെ മറുപടി.
കട്ടിലിലൊളിപ്പിച്ച കോടാലി 
അവൻ തപ്പിയെടുത്തു.
അവളെ പങ്കുവയ്ക്കാൻ തുടങ്ങി.
തല മുറിച്ചു!
കൈ മുറിച്ചു!
കാൽ മുറിച്ചു!
ഉടൽ മൂന്നായി മുറിച്ചു!
‘മുലയും അരക്കെട്ടും
എനിക്കു വേണം.
വയറെന്റെ മക്കൾക്ക്
ഗർഭത്തിലിരിക്കാൻ.
വിവാഹ വാർഷികത്തിൽ
പത്രത്തിൽ കൊടുക്കാൻ
തല ഫോട്ടോഗ്രാഫർക്ക്.
തനിക്ക് വച്ചൂട്ടാൻ
കയ്യും കാലുമെടുത്ത്
അടുക്കളയിലിട്ടു.

പങ്കുവയ്ക്കലിൽ ബാക്കിയായ
മാംസക്കട്ടയെടുത്തവൻ
തിരിച്ചും മറിച്ചും നോക്കി.
അവളുടെ ഹൃദയം!
മുൻപ് കണാത്ത കൗതുകവസ്തു.
ഇത് പിള്ളേർക്ക് 
കളിക്കാൻ കൊടുക്കാം.
ഇനി തനിക്കു കിട്ടിയ പങ്കിൽ
ആദ്യരാത്രി അടിച്ചുപൊളിക്കാം.

10-11-2010

2016, ഏപ്രിൽ 3, ഞായറാഴ്‌ച

ചുവരെഴുത്ത്...


പരുപരുത്ത ചുവരിലേക്ക് അവൻ അവളെ ചേർത്ത് നിർത്തി. ഒരു ശില്പിയുടെ വഴക്കത്തോടെ  ചുവരുകളിൽ താക്കോൽ മുനകൊണ്ട് അവൻ യോനിയും നിതം‌ബവും സൃഷ്ടിച്ചു.  അടിവയറ്റിൽ ആ താക്കോൽമുന അവൻ കുത്തിയിറക്കി. വ്രണങ്ങളിൽ നിന്ന് ചോരകുത്തിയൊലിച്ചു കൊണ്ടിരുന്നു. മൂത്രവും ശുക്ലവും മണക്കുന്ന ഇടുങ്ങിയ മുറിക്കുള്ളിൽ വച്ച് അവൻ അവളെ പ്രാപിച്ചു.

****
02-07-2014
കൊച്ചി

2016, മാർച്ച് 14, തിങ്കളാഴ്‌ച

കനി.


ടുത്തിരുന്നതിന് കല്ലെറിഞ്ഞപ്പോൾ മരങ്ങൾ ചേർന്നു നിന്ന് ഉമ്മവച്ചു.  
പുണർന്ന ശിഖരങ്ങളിൽ പച്ചിരുമ്പ് കോറി ചോര പൊടിച്ചപ്പോൾ ഇലകൾ പൊഴിച്ച് അവർ നഗ്നരായി.  ഒടുവിൽ വിശന്ന് വലഞ്ഞ് അവർ മരക്കുറ്റികൾ തേടി ഇറങ്ങി.
ഒരു കനിക്കു വേണ്ടി...


2016, മാർച്ച് 7, തിങ്കളാഴ്‌ച

എൻഡോസൾഫാൻ: ഒരു ഇരയുടെ പിറവി.

                   

                    ചുറ്റും ഇരുട്ടാണ്.  ചോരച്ചുവപ്പു നിറഞ്ഞ ഇരുട്ട്. മുകളിൽ ഒരു മാംസക്കട്ട നിർത്താതെ ചലിക്കുന്നുണ്ട്. എന്തൊക്കെയോ ചുറ്റി പിണഞ്ഞു കിടക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. പക്ഷെ കട്ടിയുള്ളതെന്തോ എന്നെ സംരക്ഷിക്കുന്നുണ്ട്. ആ കവചത്തിനുള്ളിൽ ഞാൻ ചുരുണ്ട് കിടന്നു.
                    ഞാൻ കൈകൂപ്പി പ്രാർത്ഥിച്ചു. പ്രവേശിക്കുവാൻ പോകുന്ന മനുഷ്യായുസ്സിനു വേണ്ടി... തന്നെ കാത്തിരിക്കുന്ന കളിപ്പാട്ടങ്ങൾക്കായി... അമ്മിഞ്ഞ പാലിനായി... താരാട്ടിനായി... അച്ചന്റെ തോളിലെ ചൂടിനായി...
                   ഒരു ഞരക്കത്തോടെ ഞാൻ പിറന്നു.
                   വേധന നിറഞ്ഞ അമ്മയുടെ നിലവിളിക്കു മുകളിലൂടെ ഒരു ഹെലിക്കോപ്റ്റർ പറന്നുപോയി. ഞാൻ എന്റെ കാലുകളിലേക്കു നോക്കി, വളഞ്ഞ് ശോഷിച്ച വികൃതമായ ഒരവയവം. പിന്നീട് കൈകളിലേക്ക് നോക്കി, അതിൽ വിരലുകളുണ്ടായിരുന്നില്ല. മെല്ലെ എന്റെ കണ്ണുകളെ ഇരുട്ട് കീഴ്പ്പെടുത്തുകയാണ്.  ഇപ്പോൾ എനിക്കൊന്നും കാണാൻ  കഴിയുന്നില്ല. 

തിര.


                                 സമുദ്ര മധ്യത്തിലെവിടേയോ ജനിച്ച അവൾ പവിഴപ്പുറ്റുകളുടേയും മുത്തുച്ചിപ്പികളുടേയും സമ്പന്നതയെ ഉപേക്ഷിച്ച്, തന്നെ എതിർ‌ത്ത പാറക്കൂട്ടങ്ങളിൽ തലതല്ലിയും കലങ്ങി മറിഞ്ഞും തൻ‌റ്റെ കാമുകനോടടുക്കുവാൻ ആർത്തിരമ്പി വന്നു. അവനോടടുത്ത അവൾ പൂർണമായും അവനിലലിഞ്ഞു. അവളുടെ സാന്നിധ്യം വെയിലേറ്റു കിടന്നിരുന്ന അവനെ അടിമുടി  നനച്ചു. ആ പ്രണയ പ്രവാഹത്തിൽ ഞാനും സഖിയും കൈകൾ കോർത്ത് കാലുകൾ നനച്ചു... മുത്തുകൾ പെറുക്കി...
10-10-2010
ഗുരുവായൂർ

2016, ഫെബ്രുവരി 27, ശനിയാഴ്‌ച

ശേഷം...


                          ഈ ഇടുങ്ങിയ വാടക മുറിയിലെ കരി പിടിച്ച അടുക്കളയിലിട്ട് ഞാനിന്നവളെ ദഹിപ്പിച്ചു .  ശേഷക്രിയകൾക്ക് കാത്തു നിൽക്കാതെ അവൾ ആ അഗ്നിഗോളത്തിലേക്ക് എടുത്തുചാടി .   ഓർമ്മകളുടെ ഓരോ താളുകൾ‌ക്കും തീ പിടിക്കുകയാണ് .  കത്തിയമരുന്ന താളുകളിൽ ചിലതിന് ചോരത്തിളപ്പിന്റെ ചുവപ്പു നിറം .  ചിലതിന് രാത്രിയുടെ വിയർപ്പു മണമുള്ള നീല നിറം .  തീ പിടിച്ച പച്ചമാംസത്തിന്റെ മണം പേറി മുറി മുഴുവൻ പുക നിറയുകയാണ് .      
                          എരിഞ്ഞമർന്നിട്ടും ആ പുക മുറിവിട്ട് പോകുന്നില്ല .  ഈ ശവപുകയിൽ ഞാൻ ചിലപ്പോൾ വെന്തു പോയേക്കാം .
                                                  ഞരമ്പുകൾ തളരുന്നതു പോലെ ...
                                                  ബോധം മറയുന്നതു പോലെ ...
                                                  പതുക്കെ  നീണ്ട ഉറക്കത്തിലേക്ക് ...
                                                  സുഖ നിദ്രയിലേക്ക്...

(12-08-2014 
കോഴിക്കോട്)