2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

ഒരു ക്രിസ്മസ് ഓർമ...

                                  കുന്നംകുളത്തു നിന്ന് വീട്ടിലേക്ക് ഒരു 9മണി ബസ് യാത്ര.  പകൽവെയിൽ ആറി തണുപ്പിച്ച് ഡിസംബറിന്റെ കുളിരൻ കാറ്റ്. വഴിയോരകടകളെല്ലാം ക്രിസ്തുമസിന്റെ വരവറിയിച്ച് നിറഞ്ഞു കത്തുന്നു. ഫേയ്സ്ബുക്കിൽ ഇതുവരെ ക്രിസ്തുമസ് ആയിട്ടില്ല. അവിടെ ഫ്രീതിങ്കേഴ്സും റൈറ്റ്തിങ്കേഴ്സും മതപരിവർത്തന വിഷയത്തിൽ "ഭയങ്കര"മായ ചർച്ചയിലാണ്. ബസിന്റെ ഇരമ്പിപ്പാച്ചിലിനിടെ വലിയ ശബ്ദത്തിൽ നിരവധി കരോള് സംഘങ്ങള് വീടുകള് കയറി ഇറങ്ങുന്നത് കണ്ടു. ഒരു ഫ്ളാഷ് ബാക്കിന് കാൻവാസൊരുക്കിയ മനോഹര കാഴ്ച്ച. ചെറുപ്പം തൊട്ടേ ഉത്സവാഘോഷങ്ങളോട് വലിയ താത്പര്യമാണെങ്കിലും വീട്ടിലെക്കാര്യം നേരെ തിരിച്ചും. കൊമ്പും ചില്ലയും വെട്ടി പുൽക്കുടുണ്ടാക്കിയതും പ്രതിമകൾ‌ ഇല്ലാത്തതിനാൽ പഴയ ഗ്രീറ്റിങ് കാർഡിലെ ഉണ്ണിയേശുവിനേയും മറ്റും വെട്ടി ഉണ്ടാക്കിയതും പഴയ ക്രിക്കറ്റ് ക്ലബ്ബിന്റെ കരൊള് ഗ്രൂപ്പുണ്ടാക്കാൻ സാന്റക്കുള്ള നീളൻ ഡ്രസിനായി അമ്മയുടെ ചുവപ്പ് നൈറ്റി അടിച്ചുമാറ്റിയതുമെല്ലാം എണ്ണഛായ ചിത്രം പോലെ മനസിൽ ഓർത്തു. ബസ് പായുകയാണ്,കരോള് സംഘളും...തകരട്ടിന്നും ചെണ്ടയും കടന്ന് നെഞ്ചു പൊട്ടുന്ന നാസിക്ഡോളുകളാണിപ്പോൾ. പക്ഷെ പാട്ടുമാത്രം ആരും പാടുന്നില്ല.  ഓർമകളിലിപ്പോഴും "യഹൂദിയായിലേ ഒരു ഗ്രാമത്തിൽ"...

കടൽ...


തീരത്തെ പുൽകാൻ കൊതിക്കുന്ന തിരകളുണ്ട് ഇന്നും മനസ്സിൽ.
ഉടലാകെ നനച്ച് പുണർന്നിട്ടും കൊതിതീരാതെ ഇരച്ചു വരുന്ന തിരകൾ.
ഉപ്പിൻ ചുവയുള്ള, ഒടുക്കമില്ലാത്ത തിരകൾ‌...



കളിപ്പാട്ടം...



ഒരവധിക്കാലത്തിനപ്പുറം ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങൾ‌ക്ക് പറയാനുണ്ട് അനാഥത്വത്തിന്റെ ഒരുപാട് കഥകൾ‌.
 ചാറ്റൽ മഴയിൽ കോരിത്തരിച്ച ആദ്യ ലോങ്ങ്ബെല്ലിന് മുൻപേ അവർ അനാഥരാകുന്നു.
 ഉണ്ണിപ്പുരകളിൽ കണ്ണെഴുതിച്ചും പൊട്ടു കുത്തിയും മണ്ണപ്പമൂട്ടിയ അമ്മയിനിയില്ല.
 പകലന്തിയോളം ഉജാലക്കുപ്പി വണ്ടി തള്ളിയോടിച്ച് ക്ഷീണിച്ചെത്തുന്ന അച്ഛനുമില്ല ഇനി.
 ഇടി വെട്ടി പെയ്ത മഴയിൽ, ഉടൽ നനഞ്ഞ് നിറം മങ്ങി വള്ളിപ്പടർപ്പുകൾ‌ക്കിടയിൽ വേരിറങ്ങുമ്പോഴും ആ പാവ കുഞ്ഞുങ്ങൾ‌ ചിരിക്കുന്നുണ്ടാവും.
 എന്നത്തേയും പോലെ...