Saturday, 13 September 2014

നില്‍പ്പ് സമരവും ലുലു മാളിലെ അട്ടപ്പാടികളും...

   

                                

                                                                       


                       
                             മുപ്പതും അമ്പതും അറുപതും ദിവസങ്ങള്‍ കടന്ന് കേരളത്തിൻറെ  ഭരണമന്ദിരത്തിന്  മുന്നില്‍ നില്‍പ്പുസമരം ഇപ്പോഴും  തുടരുകയാണ്. ഗോത്രമഹാ സഭയുടെ നേതൃ ത്വത്തിൽ  നില്‍പ്പുസമരം തുടങ്ങിയത്  2014 ജൂലൈ ഒന്‍പ്തിനാണ്.  കൃ ത്യമായി പറഞ്ഞാല്‍ ഇന്നേക്ക് എഴുപത്തിയാറു ദിവസം. എന്തിനാണ്‌ നില്‍പ്പുസമരം? എന്താണ്‌ ഗോത്ര മഹാസഭയുടെ ആവശ്യങ്ങള്‍?
              
                           അമ്പുകുത്തി, ചിങ്ങേരി, പനവല്ലി, കോളിക്കംപാളി, മുത്തങ്ങ, കുണ്ടല, ആറളം, ചെങ്ങറ, അരിപ്പ, അട്ടപ്പാടി... കേരളം ഇന്നോളം കണ്ടിട്ടുള്ള ഓരോ  ആദിവാസി ഭൂസമരങ്ങളുടേയും തുടര്‍ച്ച മാത്രമാണിത്. മാറി മാറി വന്ന ഓരോ സർക്കാരിൻടേയും  നാറിയ നടപടികളോടുള്ള പ്രതിഷേധമാണ്‌ ഈ നില്‍പ്പുസമരം. ഓരോ സമരത്തേയും കയ്യൂക്കുകൊണ്ടും കുതന്ത്രങ്ങള്‍ കൊണ്ടും നേരിട്ട സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും മുൻപിൽ  "ഇനിയും വഞ്ചിക്കപ്പെടാന്‍" ഞങ്ങളെ കിട്ടില്ല എന്നു പറഞ്ഞ് നിവര്‍ന്നു നില്‍ക്കുകയാണ്‌ കാടിന്റെ മക്കള്‍.

                             2001 ലെ സെക്രട്ടേറിയേറ്റിനു മുന്നിലെ കുടില്‍ക്കെട്ടി സമരത്തിനു ശേഷം അന്നത്തെ  മുഖ്യമന്ത്രി എ കെ ആന്‍റ്റണി സമരക്കാരുമായുണ്ടാക്കിയ എട്ടിന കരാര്‍ നടപ്പിലാക്കണമെന്നും ആദിവാസികളുടെ പുനരധിവാസ കേന്ദ്രമായ ആറളം ഫാമിലെ  അനധികൃതവും നിയമവിരുദ്ധവുമായ കയ്യേറ്റം തടയണമെന്നും ആവശ്യപ്പെട്ടാണ്‌ ഇപ്പോഴത്തെ സമരം.  കുടില്‍കെട്ടി സമരത്തിന്‍റ്റെ എട്ടിന കരാറില്‍ എന്തൊക്കെയാണ്‌ ആദിവാസികള്‍ ആവശ്യപ്പെടുന്നത്? തല ചായ്ക്കാനൊരിടം,   അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സാമൂഹിക സാഹചര്യം എന്നിവ മാത്രമാണ്‌. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒന്നു മുതല്‍ ആഞ്ച് ഏക്കര്‍ വരെയുള്ള ഭൂമി, കൃഷി ചെയ്യുന്നതിനാവശ്യമായ വികസന സഹായം തുടങ്ങിയ തികച്ചും ന്യായമായ ആവശ്യങ്ങള്‍ മാത്രമാണ്‌ ഈ കരാറിലുള്ളത്. 2002 ജനുവരി 1 മുതല്‍ ഭൂവിതരണം  ആരംഭിക്കുമെന്നാണു അന്ന് മുഖ്യമന്ത്രി ഉറപ്പുതന്നിരുന്നത്. എന്നാല്‍ ഭൂമിയുടെ ആദ്യ അവകാശികളായ ആദിവാസികളെ വഞ്ചിക്കുക മാത്രമായിരുന്നു ഓരോസർക്കാരുകളുടേയും അപ്രഖ്യാപിത ലക്ഷ്യം എന്നുള്ളതു കാലം കണ്മുന്നില്‍ കാണിച്ചു തന്ന സത്യമാണ്‌. 

                              രാഷ്ട്രീയകക്ഷികളും തൊഴിലാളി സംഘടനകളും ചേർന്ന്  തങ്ങളെ വഞ്ചിക്കുകയാണെന്നു ബോധ്യമായതോടെയാണു വിതരണത്തിനായി കണ്ടെത്തിയ  ഭൂമി കയ്യേറിയത്. തുടർന്നു മുത്തങ്ങയില്‍ സംഭവിച്ചതു കേരളത്തിന്‍റ്റെ രാഷ്ട്രീയ-സാമൂഹിക ചരിത്ര പുസ്തകതിന്റെ താളുകളില്‍ ഒരിക്കലും മായാത്ത വടുക്കളായി ഇന്നും അവശേഷിക്കുകയാണ്‌. പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടു  ജീവിക്കുന്ന ഇവര്‍ ഇപ്പൊള്‍ സ്വീകരിച്ചിരിക്കുന്ന സമര രീതിയില്‍ നിന്നു മാറി ചിന്തിക്കാന്‍ അധികം സമയം വേണ്ടിവരില്ല.  ഉദാഹരണങ്ങള്‍ക്കുവേണ്ടി സര്ക്കാരുകള്‍ക്ക് അധിക ദൂരം യാത്ര ചെയ്യെണ്ടിയും വരില്ല.  എന്നാല്‍ പുനരധിവാസ പദ്ധതികള്‍ക്കും പാക്കേജുകള്‍ക്കുമായി  സര്‍ക്കാര്‍ കോടികള്‍ അനുവദിച്ചിട്ടും ഇന്നും ആദിവാസി ഊരുകള്‍ പട്ടിണിയിലാവുന്നത്‌  ആദിവാസി പുനരധിവാസ പദ്ധതികല്‍ കാര്യക്ഷമായി നടപ്പിലാക്കാനുള്ള  ആത്മാര്‍ത്ഥമായ സമീപനം സർക്കാരിന്റെ  ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നതു മാത്രമാണ്‌.  എന്നിട്ടും, കേരളത്തിന്‍റ്റെ മൊത്തം ജനസംഖ്യയുടെ 1.24 ശ്തമാനം മാത്രം വരുന്ന ആദിവാസികളുടെ അടിസ്ഥാന  ആവശ്യങ്ങള്‍ പരിഹരിക്കാതെ  അതിജീവനതിനു വേണ്ടി സമരം ചെയ്യുന്നവർക്കു  മുന്നിലൂടെ കോടികള്‍ മുടക്കി സര്‍ക്കാര്‍ ഓണം ആഘോഷിക്കുകയാണ്. 

                         സർക്കാരിലും  സമൂഹത്തിലും ഇന്നും അന്തര്‍ലീനമായിട്ടുള്ള സവർണ്ണ  മനോഭാവമാണ്‌ ഒരു പരിധി വരെ ആദിവാസികള്‍  ഇന്നും കീഴാളന്മാരായി തുടരാനുള്ള കാരണം. ഓണത്തിനു തീയറ്ററുകളില്‍ "ചിരിപ്പിച്ചു" മുന്നേറുന്ന പെരുച്ചാഴി മൊഴിഞ്ഞതും ആ സവര്‍ണ്ണ നാവുകൊണ്ടു തന്നെയാണ്‌. കണ്ണുകൊണ്ടല്ലാതെ ഹൃദയം കൊണ്ടു അട്ടപ്പാടിയെ കണ്ടവരാരും തന്നെ സിനിമയിലെ ഈ "കോമഡി" കണ്ട് ചിരിക്കില്ല. ക്ഷേമപദ്ധതികളുടെ കുത്തൊഴുക്കിലും വിശന്നുകഴിയുന്ന അട്ടപാടിയിലെ കുഞ്ഞുങ്ങളേയും അവരുടെ കുഴിഞ്ഞ കണ്ണുകളും ഉന്തിയ നെഞ്ചും കണ്ടവരാരും ആ തമാശക്കു കയ്യടിക്കില്ല. വിളറി വെളുത്ത, കുട്ടിത്തം വിട്ടുമാറാത്ത അട്ടപ്പാടിയിലെ അമ്മമാരെ കണ്ടവരാരും അങ്ങനെയൊരു സംഭാഷണം എഴുതി ച്ചേര്‍ക്കില്ല.

           സിനിമയിലായാലും സെക്രട്ടേറിയേറ്റിലായാലും സ്വന്തം വീട്ടുമുറ്റത്തായാലും മാറേണ്ടത് മനോഭാവമാണ്‌. കരുണയോ ഔദാര്യമോ അല്ല  ഇവര്‍ക്കു വേണ്ടത്‌. ഭരണഘടനയും നീതിന്ന്യായ വ്യവസ്ഥയും പ്രദാനം ചെയ്യുന്ന കേവലം സാമൂഹിക നീതി മാത്രമാണ്  ഇവര്‍ ആവശ്യപ്പെടുന്നത്‌.  അതു വരെ ഈ നിൽപ്പു  തുടരും. കാരണം  തൊലി  കറുത്തവന്റെ മക്കള്‍ക്കും ഭാവിയില്‍ ഇവിടെ നിവർന്നു  തന്നെ  നിൽക്കണം  ....